ഓരോ
തവണ ബ്രേക്ക് ചവിട്ടുമ്പോഴും ബസ്സിനുള്ളിൽ തൂങ്ങിപ്പിടിച്ച് നിക്കുന്ന
ജനതതിയിൽ നിന്നും ഞരക്കങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. പൊതുവേ
ബഹളസങ്കീർണ്ണമായ ആ രംഗത്ത് ഞാൻ തികച്ചും നിരുത്തരവാദപരമായി ഫ്രണ്ടിൽ
നിക്കുന്ന സുന്ദരികളുടെ മുടിയഴകിൽ കണ്ണും നട്ടിരുന്നു. ചെറുതും വലുതുമായ
പലതരം കേശഭാരങ്ങൾ, അതിലെ ഹെയർ ക്ലിപ്പുകൾ, 'റ' മുതലായ വിശേഷപ്പെട്ട
വസ്തുവകകള്‍- എൻറെ നവോല്ലേഖ കല്പനകള്ക്ക്ക ഇവയേക്കാള്‍ ഉദാത്തമായതിനെ
സങ്കല്പിക്കാനേ കഴിയുമായിരുന്നില്ല. നീട്ടിവളര്ത്തി പിന്നി മടക്കിക്കെട്ടിയ
ഡീനയുടെ മുടി നോക്കി നിന്നോണ്ടിരുന്നപ്പോള്‍ സ്കൂളിനടുത്തുള്ള
സ്റ്റോപ്പില്‍ വണ്ടിയെത്തി. നിർത്തിയപ്പോഴുണ്ടായ ഒഴുക്കില്പ്പെട്ട് എസ്.ടി
പൈസേം കൊടുത്തു ഞാന്‍ നിരത്തിലെത്തി.
സ്കൂളിലേക്ക്
ചെറിയൊരു കയറ്റമുണ്ട്. ഓരം പറ്റി ഞാൻ നടന്നു. വഴിസൈഡിലെ ഓട വറ്റി വരണ്ടു
കിടക്കുന്നു. ബസ്സിലുണ്ടായിരുന്ന മിക്ക പിള്ളേരും പരീക്ഷക്ക് വരാന്‍
സാധ്യതയുള്ള ചോദ്യങ്ങളെപ്പറ്റി ചര്ച്ചപ ചെയ്തോണ്ടാണ് നടക്കുന്നത്. ഞാന്‍
ചുറ്റും ഒന്ന് നോക്കി. എന്റെച ക്ലാസ്സിലെ ആരും ബസ്സിലില്ലാരുന്നു. അല്ല,
ഇപ്പൊ ആരെയെങ്കിലും കണ്ടാലും വല്ല്യ കാര്യമോന്നൂല്ല. എനിക്കിന്ന്
കണക്കുപരീക്ഷയായതുകൊണ്ട് പ്രത്യേകിച്ച് ആരോടും ഒന്നും തന്നെ
ചോദിക്കാനില്ല. സ്കൂള്‍ കലോത്സവത്തിന് നാടകം ചെയ്യാന്‍ പോകുന്നു എന്നൊരു
പുകമറയുണ്ടാക്കി കുറേയധികം ക്ലാസ്സുകള്‍ കട്ടടിച്ചിട്ടുണ്ട്. അതില്‍
ഏറിയപങ്കും കണക്കുക്ലാസ്സുകളായിരുന്നു. നാടകം ഗംഭീരമായി
പൊളിഞ്ഞുപാളീസായെങ്കിലും അതിന്റെ ചീത്തപ്പേര് കുറേ നാളത്തേക്ക് നാടകക്കാരെ
ചുറ്റിപ്പറ്റി നിന്നിരുന്നു.
റോഡിൻറെ
ഇടത് വശത്തു സ്‌കൂൾ ഗ്രൗണ്ടാണ്. അത് നിശ്ചലമായി കിടക്കുന്നു.
അതിനപ്പുറത്തുള്ള മൂത്രപ്പുരയിൽ പോയി ഞാൻ അലസമായി മുള്ളി. തിരിച്ചു
സ്‌കൂളിലേക്ക് നടന്നു.
ചില
പാടങ്ങളിൽ അങ്ങിങ്ങായി കച്ച കൂട്ടിയിട്ടിരിക്കുന്നത് പോലെ പിള്ളേർ കൂട്ടം
കൂട്ടമായി നിന്ന് പഠിക്കുന്നു. നാടകത്തിന്റെ വിഷയത്തിൽ എന്നോടൊപ്പം
ദുഷ്പ്പേരു പങ്കുവച്ചവരും സുഹൃത്തുക്കളുമായ മനുവിനെയും ഉണ്ണിയെയും കണ്ടു
അമൂർത്തമായ ചില സാങ്കേതിക ജിജ്ഞാസകൾ പങ്ക് വച്ച ശേഷം കൂട്ടത്തിൽ
ഒറ്റപ്പെട്ടുപോയ ഒരു മരത്തിന്റെ ചാരത്തുപോയി ചാരിയിരുന്നു.
തികഞ്ഞ
ഭവ്യതയോടെ കണക്കുപുസ്തകം ഞാൻ ബാഗിൽ നിന്നും എടുത്തു. കാര്യമായ രീതിയിൽ
കാരലാളനമൊന്നും കിട്ടാത്തതിനാൽ പുസ്തകം പുതിയതു പോലെയുണ്ട്. ഞാൻ
ഭാവാവിഷ്ടനായി ഓരോരോ പേജുകൾ മറിച്ച്കൊണ്ടിരുന്നു. കുറെ എന്തെല്ലാമൊക്കെയോ
കാര്യങ്ങൾ. ഞാൻ സമവാക്യങ്ങളുടെ മുന്നിലെത്തി. നൊക്കൂ, ദൃഡശരീരന്മാരായ കുറേ
അക്കങ്ങള്‍ വടംവലിക്കു തയ്യാറായി നിക്കുന്ന പോലുണ്ട്. ഗുണനം, ഗണനം, ഹരണം
എന്നിങ്ങനെ പദപദാന്വിതമായ പ്രതിസന്ധികള്‍; ല.സാ.ഗു, ഉ.സാ.ഘ. എന്നീ
അപൂർവനാമധാരികള്‍; വഴിക്കണക്കുകള്‍; ഇത്യാദിയായ പുസ്തകത്തിന്റെ ദുരൂഹവും
ദുര്ഘടവുമായ കാണ്ഡങ്ങളിലൂടെ ഞാന്‍ ചുമ്മാ കണ്ണോടിച്ചു. അണ്ടകടാഹത്തിന്റെ
ഇടനാഴിയിലൂടെ ഒന്ന് രണ്ടു കൊള്ളിയാനുകള്‍ അങ്ങോട്ടുമിങ്ങോട്ടും പാസ്സ്
ചെയ്യ്തു പോയി.
ത്രികൊണത്തിനെപ്പറ്റിയുള്ള
അദ്ധ്യായം തുറന്നപ്പോഴേ വടക്ക് ദിക്കില്‍ പരീക്ഷക്കുള്ള ഫസ്റ്റ്
ബെല്ലടിച്ചു. ധൃതിയില്‍ ഇതികര്തവ്യതാവിവശനായി പുസ്തകം തലങ്ങും വിലങ്ങും
തപ്പാന്‍ തുടങ്ങി. പെട്ടെന്നുദിച്ച ബുദ്ധിയില്‍ കുറച്ചു സൂത്രവാക്യങ്ങള്‍
മന:പാOമാക്കാമെന്നു തീരുമാനിച്ചു.
അന്തരീക്ഷത്തിലാകമാനം
ഒരു വിറങ്ങലിപ്പുണ്ട്. ഉഷ്ണം പെട്ടെന്ന് കൂടി. പുസ്തകങ്ങളില്‍ കണ്ണുകള്‍
ഒട്ടിച്ചുവച്ച് പിള്ളേരൊക്കെ പരീക്ഷാഹാളിലേക്ക് യാന്ത്രികമായി ചലിക്കുന്നു.
സെക്കന്റ്
ബെല്ലടിച്ചപ്പോള്‍ ഞാന്‍ ഹാളിലുണ്ട്. മുന്നിലുള്ള ഒരു ബെഞ്ചില്‍ ഡീന
ഇരിപ്പുണ്ട്. ആന്സിട്ടീച്ചര്‍ ചോദ്യക്കെട്ടുമായി വന്നു. അടുത്ത ബെല്ലോടെ
എല്ലാര്ക്കും ചോദ്യപ്പേപ്പര്‍ കിട്ടി. പരീക്ഷ തുടങ്ങി. ചില
സൂത്രവാക്യങ്ങള്‍ ആദ്യമേ തന്നെ പേപ്പറിന്റെ പുറകില്‍ ഞാന്‍ എഴുതി വച്ചു.
എന്നിട്ട് ചോദ്യപ്പേപ്പര്‍ അടിമുടിയൊന്നു അവലോകനം ചെയ്തു.
ഗംഭീരമായിരിക്കുന്നു. ആദ്യഘട്ടസംഘട്ടനത്തില്‍ തെളിഞ്ഞു വന്ന കുറച്ചു
വെടിയും പുകയും എഴുതിവച്ചതോടെ കലവറ കാലിയായി. കണക്ക് കണ്ടുപിടിച്ച
മഹിതാത്മാക്കളെ പ്രാര്ഥിറച്ചുകൊണ്ട് ഞാന്‍ പേന വച്ചു കീഴടങ്ങി.
ഭവിതവ്യതയുടെ അസാമാന്യമായ കണക്കുകൂട്ടലുകളുടെ ശിഷ്ടം ഭേദിച്ച് ക്ഷമയോടെ
ഞാന്‍ അവിടെ ഇരുന്നു. പ്രാപഞ്ചികമായ സമസ്ത വിഹ്വലതകളും മാറ്റിവച്ചു തികഞ്ഞ
ആത്മാര്ത്ഥ്തയോടെ ഡീനയുടെ മുടിയിലേക്ക് ഞാൻ ശ്രദ്ധ തിരിച്ചു. സങ്കീര്ണയമായി
പിന്നി മടക്കിക്കെട്ടി വച്ചിരിക്കുന്ന ഗഹനമായ ആ കേശഭാരത്തെ ദുരൂഹമായ
ഗണിതമായി ഞാന്‍ കാവ്യാത്മകമായി ഉപമിച്ചു. ഞാന്‍ എൻറെ കല്പനാകല്ലോലിനിയില്‍
മെല്ലെ വഞ്ചിയിറക്കി തുഴഞ്ഞു തുഴഞ്ഞു പോയി.
Comments
Post a Comment